
കോഴിക്കോട് : പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിലിനെ സന്ദർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്.പി.ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. റൂറൽ എസ്.പി. ബൈജു സി.പി.എമ്മിന് വേണ്ടി പണിയെടുക്കേണ്ടെന്നും റൂറൽ എസ്.പി.യുടെ ജോലി ചെയ്താൽ മതിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എസ്.പി. ബൈജു ഒരു ക്രിമിനലാണെന്നും സി.പി.എമ്മിന് വേണ്ടി ഷാഫിയെ മർദ്ദിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.ഐ.പി.എസ്. കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണയായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മുന്നറിയിപ്പ് നൽകി.
ബൈജു സി.പി.എം. ജില്ലാ സെക്രട്ടറിയുടെ രാഷ്ട്രീയ പ്രസ്താവന നടത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല തട്ടിപ്പിൽ സത്യം പുറത്തുവരുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സർക്കാർ എത്ര ശ്രമിച്ചാലും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.