
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ (KGMCTA) നവംബർ 13-ന് സംസ്ഥാന വ്യാപകമായി സമ്പൂർണ്ണ പണിമുടക്ക് പ്രഖ്യാപിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് സംഘടന അറിയിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാവാത്തതിലുള്ള പ്രതിഷേധമാണ് പണിമുടക്കിലേക്ക് നയിച്ചത്.
സമാധാനപരമായ സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനം സ്വീകരിക്കുകയും ചെയ്തു. ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയായി കണക്കാക്കുന്നു. ആദ്യഘട്ടത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ സമരം ചെയ്തിട്ടും സർക്കാർ മുഖം തിരിഞ്ഞുനിന്ന സാഹചര്യത്തിലാണ് ഒപി ബഹിഷ്‌കരണത്തിലേക്ക് കടന്നത്.
മൂന്ന് ദിവസങ്ങളിലായി ഒപി ബഹിഷ്‌കരണം നടത്തിയപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി എത്തിയ രോഗികൾക്ക് പിജി വിദ്യാർത്ഥികളിലൂടെ താൽക്കാലിക ചികിത്സ മാത്രമാണ് ലഭിച്ചത്. എന്നിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കും കെജിഎംസിടിഎ കൂട്ടിച്ചേർത്തു.