Banner Ads

ദിലീപിനെ വെറുതെവിട്ട വിധി; വിചാരണക്കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീലിന്, പൂർണ്ണ നീതി ലഭിച്ചില്ല – പി രാജീവ്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂർണ്ണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല.

പൂർണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ കാണുന്നത്. ഗൂഢാലോചനയിൽ അഞ്ചു വോള്യങ്ങളായി ആർഗ്യുമെന്റ് നോട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനനുസരിച്ചുള്ള വിധി വന്നില്ല. അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും എപ്പോഴും സ്വീകരിച്ചത്.പോലീസ് വളരെ ശക്തമായ പഴുതടച്ച അന്വേഷണമാണ് നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയത്. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. വിചാരണയ്ക്കിടെ ചില പ്രശ്‌നങ്ങൾ വന്നപ്പോൾ ഹൈക്കോടതിയെ അടക്കം സമീപിക്കുന്നതിൽ സർക്കാർ ഒട്ടും മടി കാണിച്ചിട്ടില്ല. കിട്ടാവുന്ന ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിച്ച് പ്രതികൾക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എൽഡിഎഫ് സർക്കാർ അല്ലെങ്കിൽ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആദ്യ ആറ് പ്രതികളെ കുറ്റക്കാരാണെന്ന് വിചാരണക്കോടതി വിധിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആദ്യ ആറു പ്രതികൾ കുറ്റക്കാരാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.