Banner Ads

പരാജയം ഒരു തടസ്സമല്ല! പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർഥി ഷാജഹാൻ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു; കൈയ്യടി നേടി.

കൊല്ലം: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജയിച്ചാൽ പോലും പല സ്ഥാനാർത്ഥികളും മറക്കുന്ന കാലഘട്ടത്തിൽ, പരാജയപ്പെട്ട ശേഷവും നൽകിയ വാക്ക് പാലിച്ച മാങ്കോട് ഷാജഹാൻ എന്ന സ്ഥാനാർഥി നാടിന് മാതൃകയാവുകയാണ്.പത്തനാപുരം ഗ്രാമപ്പഞ്ചായത്തിലെ മാങ്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഇദ്ദേഹം വോട്ടഭ്യർഥനയ്ക്കിടെ മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് വഴി ഒരുക്കി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഷാജഹാൻ തന്റെ വാക്ക് പാലിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തന്നെ വഴിക്കായി ഇദ്ദേഹം സ്ഥലം വാങ്ങിയിട്ടു.
ഫലം വന്നതിന് പിന്നാലെ വഴി നിർമ്മാണം ആരംഭിക്കുകയും 50 മീറ്റർ നീളത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.ഇതോടെ ഒറ്റപ്പെട്ടു കിടന്ന അഞ്ച് കുടുംബങ്ങൾക്ക് യാത്രാ സൗകര്യമുള്ള വഴിയായി.

“വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല പ്രശ്നം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കേണ്ടത് എന്റെ കടമയാണ്,” എന്നാണ് ഈ വിഷയത്തിൽ മാങ്കോട് ഷാജഹാന്റെ പ്രതികരണം. രാഷ്ട്രീയത്തിനപ്പുറം പൊതുപ്രവർത്തനത്തിലെ പ്രതിബദ്ധത തെളിയിച്ച ഷാജഹാനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.