
ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് ചാംപ്യൻമാർ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഹർമൻപ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയിലെത്തിയത്. 2005-ലും 2017ലും കൈവിട്ട കിരീടമാണ് ഇത്തവണ സ്വന്തം മണ്ണിൽ ഇന്ത്യ സ്വന്തമാക്കിയത്. സെമിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ വെല്ലുവിളിയെയും അതിജീവിച്ചു.
മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെന്ന വെല്ലുവിളി ഉയർത്തി. ഷഫാലി വർമ്മയുടെ (87 റൺസ്) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച അടിത്തറ നൽകിയത്. 78 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം ഷഫാലിക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമായി. ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു.
താരം പുറത്താകാതെ നിന്നു.ഓപ്പണർ സ്മൃതി മന്ധാന 58 പന്തിൽ 45 റൺസെടുത്തു. സ്മൃതി-ഷഫാലി സഖ്യം 104 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി. റിച്ച ഘോഷ് (24 പന്തിൽ 34), ജെമീമ റോഡ്രിഗ്‌സ് (24), ഹർമൻപ്രീത് കൗർ (20) എന്നിവരും നിർണായക സംഭാവനകൾ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 3 വിക്കറ്റുകൾ വീഴ്ത്തി.
299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറിൽ 246 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലൗറ വോൾവാർട്ട് നേടിയ സെഞ്ച്വറിയാണ് (98 പന്തിൽ 101 റൺസ്) ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്. എന്നാൽ ബൗളിംഗിൽ തിളങ്ങിയ ദീപ്തി ശർമ്മ 9.3 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി ടീമിന്റെ നടുവൊടിച്ചു.
ബാറ്റിംഗിലെ അർധ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു ഈ പ്രകടനം. ഷഫാലി വർമ്മയും പന്ത് കൊണ്ട് മാന്ത്രികത പുറത്തെടുത്തു. നിർണായക ഘട്ടത്തിൽ താരം 2 വിക്കറ്റുകൾ വീഴ്ത്തി. അമൻജോത് കൗർ ബ്രിറ്റ്സിനെ റണ്ണൗട്ടാക്കിയതും ശ്രീ ചരണിന്റെ ബൗളിംഗിൽ അനിക് ബോഷ് പൂജ്യത്തിന് പുറത്തായതും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
വോൾവാർട്ടും അന്നേരി ഡെറക്‌സൻ (35), സൻ ലൂസ് (25) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിന്ന മറ്റ് താരങ്ങൾ. ഇന്ത്യൻ വനിതാ ടീമിന്റെ ഈ ചരിത്രവിജയം ഇന്ത്യൻ കായിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറി.