
കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് മേഖലയിൽ മാസങ്ങളായി ആശങ്ക സൃഷ്ടിച്ചിരുന്ന കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയ കടുവയെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കടുവ തുടർച്ചയായി ആക്രമിച്ചിരുന്നു.
ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.പാലത്തുംകടവിൽ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളെയാണ് കഴിഞ്ഞദിവസം കടുവ കൊലപ്പെടുത്തിയത്. അത്യുത്പാദനശേഷിയുള്ള രണ്ട് കറവപ്പശുക്കളും, ഒരു ഗർഭിണിയായ പശുവും, ഒരു കിടാവും കടുവയുടെ ആക്രമണത്തിൽ ചത്തു.കടുവയെ പിടികൂടിയതോടെ മേഖലയിലെ ജനങ്ങളുടെ വലിയൊരു പേടിക്കാണ് അന്ത്യമായിരിക്കുന്നത്. പശുക്കൾ നഷ്ടപ്പെട്ട കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.