
ബെംഗളൂരു: നാളെ രാവിലെയോടെ ‘മൊൻത’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി.
പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 23 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ശ്രീകാകുളം, ഗുണ്ടൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചു.
ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ പൂർണ്ണമായി ഒഴിപ്പിച്ചു.ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി.കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.കടൽ തീരങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതിന് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തി.