
തിരുവനന്തപുരം : ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ചെന്നൈയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധിയാണ്.
അതിതീവ്ര മഴ തുടരുമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡിറ്റ്‌വാ ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ശ്രീലങ്കയിൽ മരണസംഖ്യ 334 ആയി ഉയർന്നു. 370 പേരെ കാണാതായി.