
മലപ്പുറം: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദനം. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെയാണ് സമീപത്തെ മറ്റൊരു ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ അഞ്ചാം തീയതി ചങ്കുവെട്ടിയിലെ ഒരു ഹോട്ടൽ പാർക്കിങ്ങിൽ വെച്ചായിരുന്നു ആക്രമണം. അവിടെയെത്തിയ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥി സംഘം മർദനം അഴിച്ചുവിടുകയായിരുന്നു. സ്വന്തം സ്കൂളിനെക്കുറിച്ച് മോശമായി പറയണമെന്ന് ആവശ്യപ്പെട്ടും, എതിർ സ്കൂളിനോട് മാപ്പ് പറയണമെന്ന് നിർബന്ധിച്ചുമായിരുന്നു മർദനം. നിലത്തുവീണ കുട്ടിയെ ചവിട്ടുന്നതും ക്രൂരമായി തല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഭയം കാരണം കുട്ടി മർദന വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. ശരീരവേദന സഹിക്കാൻ വേദനസംഹാരികളും മറ്റും ഉപയോഗിച്ച് ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികളായ വിദ്യാർത്ഥികൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മർദിച്ചവരെ പോലീസ് സഹായത്തോടെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനത്തിൽ മിടുക്കനായ തന്റെ മകന് നീതി ലഭിക്കണമെന്നും കുറ്റവാളികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. കൂടാതെ, മകനെ അപമാനിക്കുന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് അഭ്യർത്ഥിച്ചു.