
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ് ലഭിച്ചതിനോട് ശക്തമായി പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കങ്ങൾ ഉണ്ടാവാറുണ്ടെന്നും, ഇത് ഇ.ഡി.യുടെ രാഷ്ട്രീയക്കളിയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് നന്നായി മനസ്സിലാകും.
ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം നൽകിയത്. കേരളത്തിൻ്റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തര നിലവാരത്തിലേക്ക് വളർത്താൻ പ്രവർത്തിച്ച, 140 നിയോജക മണ്ഡലങ്ങളിലും നിക്ഷേപം നടത്തിയ കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.ഇത് ബി.ജെ.പി.യുടെ രാഷ്ട്രീയ നിലപാടാണ്. കേരളത്തിൻ്റെ വികസനത്തിന് എതിരായ കടന്നുകയറ്റമാണിതെന്നും അദ്ദേഹം ആരോപിച്ചു. “നോട്ടീസ് വരട്ടെ. ഇതിനുമുമ്പ് വന്ന നോട്ടീസിനുമേൽ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇ.ഡി. ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
“മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് ലഭിച്ചത്.കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ.ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇ.ഡി.യുടെ അന്തിമ റിപ്പോർട്ടിൻ്റെ തുടർച്ചയായിട്ടാണ് ഈ നടപടി.മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നാല് എതിർകക്ഷികൾക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്.
മൂന്നംഗ സമിതിയായ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഇ.ഡി. റിപ്പോർട്ട് പരിശോധിക്കുകയും എതിർകക്ഷികളുടെ വാദം കേൾക്കുകയും ചെയ്യും. ഫെമ നിയമലംഘനം തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300% വരെ പിഴ ചുമത്താൻ അതോറിറ്റിക്ക് കഴിയും. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും, കിഫ്‌ബിക്ക് ഈ തീരുമാനത്തെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് നിയമപരമായി ചോദ്യം ചെയ്യാനാകും.