Banner Ads

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുത്; കോൾഡ്രിഫ് പിടിച്ചെടുത്തു, കേരളത്തിൽ കർശന നിയന്ത്രണം

കൊച്ചി : സംസ്ഥാനത്ത് കുട്ടികൾക്ക് നൽകുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡ്രഗ് കൺട്രോളർ. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് നിർദ്ദേശിച്ച് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകി.

മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്ന് ആരോപിക്കപ്പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കേരളത്തിൽ നിന്ന് കണ്ടെടുത്ത സാഹചര്യത്തിലാണ് കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളവും ജാഗ്രത ശക്തമാക്കിയത്.രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള കഫ് സിറപ്പുകൾ നൽകരുത്.

ഒന്നിലധികം മരുന്ന് ചേരുവകൾ ചേർത്തുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണം. ഇത്തരം മരുന്നുകൾ എഴുതിയ കുറിപ്പടികൾ വന്നാൽ മരുന്ന് നൽകേണ്ടതില്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം.

അംഗീകൃത നിർമാതാക്കളുടെ മരുന്നുകൾ മാത്രമേ വിൽക്കാവൂ. പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിറ്റാൽ കർശന നടപടി ഉണ്ടാകും. സംസ്ഥാനവ്യാപകമായി മെഡിക്കൽ സ്റ്റോറുകളിൽ നടത്തിയ പരിശോധനയിലാണ് കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കണ്ടെടുത്ത് സാമ്പിളുകൾ ശേഖരിച്ചത്.

ഇതിൽ 52 സാമ്പിളുകൾ സംസ്ഥാന ഡ്രഗ് കൺട്രോളർ വകുപ്പ് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിൽ അടങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അപകടമുണ്ടാക്കിയതായി കരുതുന്ന SR 13 എന്ന ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

എങ്കിലും, സംസ്ഥാനത്ത് ഈ ബ്രാൻഡിന്റെ വിൽപന ഡ്രഗ് കൺട്രോളർ നിരോധിച്ചിട്ടുണ്ട്. ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലുമുള്ള പരിശോധനകൾ തുടരും. കൂടാതെ കേരളത്തിന് പുറത്ത് നിന്നെത്തുന്ന മറ്റ് ബ്രാൻഡുകളുടെയും സംസ്ഥാനത്ത് നിർമ്മിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്.