
വോട്ടർ പട്ടികയിലെ പിഴവുകൾക്കെതിരെ കോൺഗ്രസിൻ്റെ സമര പരമ്പര ഇന്ന് തുടങ്ങും.ഇതിൻ്റെ ഭാഗമായി രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. പ്രധാനമന്ത്രിക്കെതിരെ “വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക” എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഏഴ് വരെ രാജ്യവ്യാപകമായി പ്രചാരണ റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ ഞായറാഴ്ച മുതൽ തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധി പര്യടനം നടത്തും. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ റാലികൾ.
പ്രചാരണ പരിപാടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അതേസമയം, വയനാട്, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.