
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായിരുന്ന പി.പി. തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം ഇന്ന് വൈകുന്നേരം 4.30-നാണ്.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു പി.പി. തങ്കച്ചൻ. കെപിസിസി മുൻ പ്രസിഡൻ്റ്, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 1995 വരെ നിയമസഭാ സ്പീക്കറായും 1995-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1982 മുതൽ 1996 വരെ പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായിരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ വിശ്വസ്തനും അടുത്ത അനുയായിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്.