Banner Ads

ആശങ്ക ഉയരെ; ഇടുക്കി മൂന്നാറിലെ സ്കൈ ഡൈനിങ് പ്ലാറ്റ്‌ഫോമിൽ സഞ്ചാരികൾ കുടുങ്ങി

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിലെ സ്വകാര്യ ‘സ്കൈ ഡൈനിങ്ങ്’ പ്ലാറ്റ്‌ഫോമിൽ വിനോദസഞ്ചാരികളും ജീവനക്കാരും കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലമാണ് കഴിഞ്ഞ ഒന്നരമണിക്കൂറിലേറെയായി ആളുകൾ ആകാശത്ത് കുടുങ്ങിക്കിടക്കുന്നത്.ഔദ്യോഗിക വിശദീകരണം അനുസരിച്ച്, കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേരാണ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നത് (ഭാര്യ, ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു ജീവനക്കാരൻ).

എന്നാൽ ഇതിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.സാഹസിക ടൂറിസത്തിൻ്റെ ഭാഗമായി അടുത്തിടെ ആനച്ചാലിൽ ആരംഭിച്ച ഈ പദ്ധതി 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഒരേസമയം 15 പേർക്ക് ഇവിടെ ഇരിക്കാനാകും.ക്രെയിൻ താഴ്ത്താൻ സാധിക്കാത്തതാണ് നിലവിലെ പ്രധാന പ്രശ്നം. കുടുങ്ങിയവരെ റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉപയോഗിച്ച് താഴെയിറക്കാനുള്ള നീക്കമാണ് നടക്കുന്നത്.

രക്ഷാദൗത്യത്തിനായി അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ നിലവിൽ അപകട സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എങ്കിലും ഒന്നരമണിക്കൂറിലധികം ആളുകൾ 120 അടി ഉയരത്തിൽ കുടുങ്ങിക്കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.