Banner Ads

പിഎം ശ്രീ തർക്കം തീർക്കാൻ മുഖ്യമന്ത്രി; ഇന്ന് ബിനോയ് വിശ്വവുമായി നിർണായക കൂടിക്കാഴ്ച

കൊച്ചി : പിഎം ശ്രീ വിഷയത്തിൽ മുന്നണിയിലുണ്ടായ അതൃപ്തി പരിഹരിക്കാൻ അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് 3.30 ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തും.

സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. പിഎം ശ്രീ പദ്ധതി കരാർ ഒപ്പിട്ട വിഷയം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരാർ ഒപ്പിടാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി തന്നെ എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും.

പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെ എംഒയുവിൽ ഒപ്പിടേണ്ടി വന്നതിന്റെ സാഹചര്യങ്ങൾ മുഖ്യമന്ത്രി സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചതായാണ് വിവരം. സിപിഐയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്നാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി നേരിട്ട് സമവായ നീക്കം നടത്തുന്നത്. അതെ സമയം പിഎം ശ്രീ വിഷയത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളാനായി വിളിച്ചു ചേർത്ത സിപിഐ എക്സിക്യൂട്ടീവ് യോഗം ആലപ്പുഴയിൽ ആരംഭിച്ചു. യോഗത്തിൽ ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.