Banner Ads

‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി ലാലേട്ടൻ

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. മോഹൻലാൽ വേദിയിലെത്തിയപ്പോൾ കരഘോഷങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റത്.

കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ, മോഹൻലാലിന്റെ സിനിമാ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്നും, അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭയും കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് സുവർണ്ണ നിലവാരം നൽകിയെന്നും വ്യക്തമാക്കി.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ: “ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ല, മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ്. എന്നെ സ്നേഹിക്കുന്ന എല്ലാവരുമായും ഈ പുരസ്‌കാരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. 48 വർഷത്തെ സിനിമാജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെ നൽകാൻ കഴിഞ്ഞ വലിയ അംഗീകാരമാണിത്. ജൂറിക്കും കേന്ദ്ര സർക്കാരിനും എന്റെ പ്രേക്ഷകരോടും നന്ദി.”

പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ 1960 മേയ് 21-നാണ് മോഹൻലാൽ ജനിച്ചത്. രണ്ട് തവണ മികച്ച നടനുള്ള പുരസ്‌കാരം ഉൾപ്പെടെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

പത്മശ്രീ (2001), പത്മഭൂഷൺ (2019) എന്നീ സിവിലിയൻ ബഹുമതികൾ ലഭിച്ചു.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ചു (2009).

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ഇതിന് മുൻപ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഏക മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് (2004). കഴിഞ്ഞ വർഷം ഈ പുരസ്‌കാരം നേടിയത് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണ്. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.