Banner Ads

ചൂരൽമല – മുണ്ടക്കൈ: ഒരു വർഷത്തിനപ്പുറവും തോരാത്ത കണ്ണീർ

കൽപ്പറ്റ:ഓർമ്മകളിൽ ഒരു വർഷം: ചൂരൽമല – മുണ്ടക്കൈ ദുരന്തം 2024 ജൂലൈ 30-ന് പുലർച്ചെ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ഒരു രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ ഒരുപാട് മനുഷ്യരുടെ തീരാനോവായി ഈ ഉരുൾപൊട്ടൽ ദുരന്തം ഇന്നും അവശേഷിക്കുന്നു.ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും.

ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെ 1:40-ഓടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.

രാവിലെ 4:10-ഓടെ ചൂരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുമുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 52 വിദ്യാർത്ഥികളും ഉൾപ്പെടുന്നു. കാണാതായ 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 402 കുടുംബങ്ങൾക്ക് തങ്ങളുടെ കിടപ്പാടം നഷ്ടമായി. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജി.വി.എച്ച്.എസ്.എസ്. സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.