തിരുവനന്തപുരം : ദ ഹിന്ദിവിന് കൊടുത്ത അഭിമുഖത്തിൽ മലപ്പുറം പരാമർശത്തിൽ പ്രതികരണം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദുവിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണ്. പത്രത്തിന് വീഴ്ച്ച സംഭവിച്ചു, അവർ അത് സമ്മതിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് സ്വർണക്കടത്ത് നടക്കുന്നുണ്ടെന്നും ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം വ്യാപക ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു പത്രം എന്റെ അഭിമുഖം ഡൽഹിയിൽ ഞാൻ ഉള്ളപ്പോൾ എടുത്തിരുന്നു. ഞാൻ പറയാത്ത കാര്യങ്ങൾ അവർ അഭിമുഖത്തിൽ കൊടുത്തു. വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്നും അവർക്ക് കത്തയച്ചിരുന്നു.
അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന ഒരു വാക്കും എൻ്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞുത്. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഈ വേദിയിലാണ് സമീപകാല ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. പ്രത്യേക ഉദ്ദേശ്യത്തോടെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണിത്. വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമം. സ്വർണ കടത്തുമായി ബന്ധപ്പെട്ട പ്രസ്‌താവന തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. തെറ്റായ കാര്യങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.