
തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 17ന് സൗദി അറേബ്യയിലേക്ക്. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ ആഗോളതലത്തിൽ ഒരുക്കിയ വേദിയായ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന മലയാളോത്സവ പരിപാടികളാണ് യാത്രയുടെ പ്രധാന ലക്ഷ്യം. 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 18ന് റിയാദിലുമാണ് പൊതുപരിപാടികള്‍. മുഖ്യമന്ത്രിക്ക് പുറമേ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
മൂന്ന് വേദികളിലും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതികൾ രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു. 2023 ഒക്ടോബറിൽ ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനം സൗദി അറേബ്യയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അന്നത്തെ യാത്ര റദ്ദാക്കിയിരുന്നു.