
തിരുവനന്തപുരം : സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ നിലവിലുണ്ടായിരുന്ന ഗ്രീൻ അലർട്ട് (നേരിയ-ഇടത്തരം മഴ) യെല്ലോ അലർട്ട് (ശക്തമായ മഴ) ആയി ഉയർത്തി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്.
കേരളത്തിൽ അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കന്യാകുമാരി കടലിന് മുകളിലായി നിലവിൽ ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ചയോടെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇത് തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.