
തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്,ന്യൂനമർദ്ദത്തിന്റെയും പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് .ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച കണ്ണൂരിലും കാസർകോടിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.