Banner Ads

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എറണാകുളം, ഇടുക്കി ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് (നവംബർ 14) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. 17ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18ന് കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. തെക്കു പടിഞ്ഞാറൻ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 11.30 മുതൽ നാളെ (നവംബർ 15) രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

നാളെ (നവംബർ 15) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.