Banner Ads

സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുന്നു; പത്രിക സമർപ്പണം ഇന്ന് അവസാനിക്കും, സൂക്ഷ്മപരിശോധന നാളെ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മൂന്ന് മണിയോടെ അവസാനിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (നവംബർ 22 ശനിയാഴ്ച) നടക്കും.

പരിശോധന പൂർത്തിയായ ശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക റിട്ടേണിങ് ഓഫീസർ പ്രസിദ്ധീകരിക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കളാഴ്ച) വൈകുന്നേരം മൂന്ന് മണി വരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ചാലുടൻ റിട്ടേണിങ് ഓഫീസർമാർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

മലയാളം അക്ഷരമാലാക്രമത്തിലായിരിക്കും സ്ഥാനാർഥികളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണ് പട്ടികയിൽ ഉണ്ടാകുക. ഈ അന്തിമ പട്ടിക റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകളിലും പരസ്യപ്പെടുത്തുന്നതാണ്.