
മലപ്പുറം : അമിതവേഗത്തിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിൻ്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം 25-ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളുടെ സമീപത്തുകൂടി അതിവേഗത്തിലാണ് ബസ് ഓടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴക്കാണ് കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്.