ടെഹ്റാൻ : ഇറാനിലെ യാസ്ദില്‍ ഷിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 35 പേർക്ക് മരണം സംഭവിച്ചു. പാകിസ്ഥാനില്‍ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്. മധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഐആർഎൻഎ വാർത്താ ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 53 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 18ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ആളുകൾ പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയായ ലാർകാന നഗരത്തില്‍ നിന്നുള്ളവരാണ്.