
തിരുവനന്തപുരം: ബിജെപിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്, ‘മാരാർജി ഭവൻ’, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും നിരവധി തടസ്സങ്ങൾക്കും ഒടുവിലാണ് ഈ ഓഫീസ് യാഥാർത്ഥ്യമാകുന്നത്.
ഇന്ന് ഓഫിസ് മന്ദിരത്തിൽ പതാക ഉയർത്തുന്ന അമിത്ഷാ വളപ്പിൽ ചെമ്പകത്തൈ നടും. തുടർന്ന് നാടമുറിച്ചു കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിനെത്തുന്നത്.
ഓഫിസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമ അമിത്ഷാ അനാവരണം ചെയ്യും. തുടർന്ന് 11.30ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യും.മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്നു നേതൃത്വം അറിയിച്ചു.