
തിരുവനന്തപുരം : മനുഷ്യജീവന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിലവിലുള്ള കേന്ദ്ര നിയമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ഈ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമെന്നായിരുന്നു വിഷയത്തിൽ താമരശ്ശേരി ബിഷപ്പിന്‍റെ പ്രതികരണം.
നേരത്തെ എടുക്കേണ്ട തീരുമാനമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇപ്പോള്‍ അപകടകാരിയായ വന്യമൃഗം ജനവാസ മേഖലയിലേക്ക് ഇറങ്ങി ജനങ്ങളെ പരിക്കേൽപിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെ വെടിവെക്കാനുള്ള നടപടിക്രമങ്ങള്‍ അനവധിയാണ്.
വിദഗ്ദ്ധ സമിതി യോഗം ചേരുകയും ആക്രമണം നടത്തിയ മൃഗത്തെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് തിരിച്ചറിയുകയും ചെയ്യണം. കടുവയാണെങ്കിൽ അത് നരഭോജിയാണെന്ന് ഉറപ്പാക്കണം. ഇത്തരത്തിലുള്ള അനവധി നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് വെടിവെക്കാൻ ഉത്തരവിടാൻ സാധിക്കൂ.