Banner Ads

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു; 160 സീറ്റിൽ കുറയില്ല-അമിത് ഷാ

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. മറ്റന്നാൾ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ്. 160ൽ അധികം സീറ്റുകൾ നേടി എൻഡിഎ വൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെ നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. രാഹുൽ ഗാന്ധി നടത്തുന്നത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണ്. അനധികൃത കുടിയേറ്റക്കാർ രാഹുലിന് വോട്ട് ബാങ്കാണ് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ആവർത്തിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ വോട്ട് കൊള്ള നിയമവിധേയമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ജെഡിയു നേതാവ് നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞു എന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.