
കൊച്ചി : സംസ്ഥാനത്ത് ഈ ആഴ്ച മൂന്ന് ദിവസം ബാങ്ക് അവധി. സെപ്റ്റംബർ 30 ദുർഗാഷ്ടമി, ഒക്ടോബർ 1 മഹാനവമി, ഒക്ടോബർ 2 ഗാന്ധി ജയന്തി എന്നീ ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചത്.അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ നേരത്തേ പണം കൈവശം കരുതുന്നത് നന്നായിരിക്കും.
ദൂരയാത്ര ചെയ്യുന്നവർ എ.ടി.എമ്മുകളിൽ നിന്ന് ആവശ്യത്തിന് പണം കരുതുക. എന്നാൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ചൊവ്വാഴ്ച (സെപ്റ്റംബർ 30) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
ബുധനാഴ്ച (ഒക്ടോബർ 1) ഡ്രൈ ഡേ ആയതിനാലും വ്യാഴാഴ്ച (ഒക്ടോബർ 2) ഗാന്ധി ജയന്തി ആയതിനാലും തുടർച്ചയായി രണ്ട് ദിവസം സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്കെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ച (സെപ്റ്റംബർ 30) ബെവ്‌കോ (Bevco) ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 7 വരെയായിരിക്കും.