Banner Ads

അവാർഡ് പ്രഖ്യാപനം നവംബർ മൂന്നിന്; മമ്മൂട്ടിക്ക് വീണ്ടും സാധ്യത, കനിയും ദിവ്യപ്രഭയും തമ്മിൽ കടുത്ത പോരാട്ടം

കൊച്ചി : ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി വെച്ചു. നാളെ (നവംബർ 1) നടക്കാനിരുന്ന പ്രഖ്യാപനം ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ച് നവംബർ 3 തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. നവംബർ 3ന് ഉച്ചയ്ക്ക് 3 മണിക്ക് തൃശ്ശൂരിൽ വെച്ചാകും ഫലപ്രഖ്യാപനം.

പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് വിധികൾ പ്രഖ്യാപിക്കുക. 128 ചിത്രങ്ങൾ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ ഇടം നേടിയത്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത.

വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം താരം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടൊവിനോ തോമസും അന്തിമ പട്ടികയിൽ ഇടം നേടിയതായി സൂചനയുള്ളത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീം എന്നിവരും അന്തിമ റൗണ്ടിലുണ്ട്.

200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം, ജോജു ജോർജിന്റെ പണി, മലൈക്കോട്ടൈ വാലിബൻ, കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ, ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എആര്‍എം, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.

നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം. സംവിധായകന്‍ മോഹന്‍ലാല്‍. രണ്ട്- പണി. സംവിധായകൻ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.