
തമിഴ്നാട് : തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാൽപാറയിൽ നവംബർ ഒന്നുമുതൽ പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ ഇ-പാസ് എടുക്കണമെന്ന് കാട്ടി കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. നീലഗിരി ജില്ലയിലും കൊടൈക്കനാലിലും നേരത്തെ ഇ-പാസ് നിർബന്ധമാക്കിയതിനെത്തുടർന്ന് സഞ്ചാരികൾ വാൽപാറ ലക്ഷ്യമാക്കി ഒഴുകിയെത്തിയിരുന്നു.
ഇതോടെ വാൽപാറ നഗരം വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി. സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
അതീവ ശ്രദ്ധ വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപാറയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ഇ-പാസ് ഏർപ്പെടുത്തുന്നതിന്റെ പ്രധാന ലക്ഷ്യം. തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപാറ.