Banner Ads

ഭിന്നശേഷിക്കാരന്റെ വീടിന് നേരെ ആക്രമണം: കമ്ബി വാദിയുമായി എത്തിയ സംഘം ഓട്ടോയും ജനലുകളും അടിച്ചു തകർത്തു

തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ വീടിനും വാഹനങ്ങൾക്കും നേരെ അതിക്രൂരമായ ആക്രമണം. കോട്ടുകാൽ പുത്തളം ചാനൽക്കരയിൽ ഓട്ടോ ഡ്രൈവറായ രാജശേഖരന്റെ വീടിന് നേർക്കാണ് ബുധനാഴ്ച പുലർച്ചെ അക്രമം നടന്നത്.വീടിന് മുന്നിൽ നിർത്തിയിരുന്ന രാജശേഖരന്റെ ഓട്ടോറിക്ഷ പൂർണ്ണമായി അടിച്ചു തകർത്തു.വീടിന്റെ ജനൽപ്പാളികളിലെ ഗ്ലാസുകൾ തകർത്തു.

സമീപത്തെ കടയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന മകന്റെ ബൈക്കും അക്രമികൾ നശിപ്പിച്ചു.ഏറ്റവും ഞെട്ടിക്കുന്ന നടപടി, വീടിന്റെ ചുമരുകളിൽ ഉൾപ്പെടെ രക്തം തേച്ച് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ, അക്രമികൾ വധഭീഷണി മുഴക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് വീട്ടുകാർ പരാതിയിൽ പറയുന്നു.

നേരത്തെ പ്രദേശത്തു നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ രാജശേഖരൻ സംസാരിച്ചതാണ് ഈ ആക്രമണത്തിന് പിന്നിലെ മുൻവൈരാഗ്യ കാരണമെന്ന് വീട്ടുകാർ പറയുന്നു.കോട്ടുകാൽ പുത്തളം അമ്പലംതട്ട് സ്വദേശി ഷാഹുൽരാജ്, സുഹൃത്തായ ശരത് എന്നിവർക്കെതിരെ കാഞ്ഞിരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതികൾ നിലവിൽ ഒളിവിലാണ്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.