Banner Ads

ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷം; ക്ഷേത്രം അക്ഷരാർത്ഥത്തിൽ അമ്പാടിയായി

തൃശൂർ : ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂർ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകൾ, ഘോഷയാത്ര, നാടൻ കലാരൂപങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് എല്ലാ ഭക്തർക്കും ദർശനം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെയാണ് അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങിയത്. ഇന്ന് 200ലധികം വിവാഹങ്ങൾ ക്ഷേത്രത്തിൽ നടക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾ ഉണ്ടായിരിക്കില്ല. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി അക്ഷരാർത്ഥത്തിൽ അമ്പാടിയാകും.

അഷ്ടമിരോഹിണിയുടെ ഭാഗമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും വിപുലമായ ആഘോഷങ്ങൾ ഉണ്ട്. 52 പള്ളിയോടക്കരകളിൽ നിന്നുള്ള പ്രതിനിധികളും ക്ഷേത്രാങ്കണത്തിൽ എത്തും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് ഭക്തർക്കുമാണ് സദ്യ വിളമ്പുന്നത്. സദ്യക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു.