Banner Ads

50 വർഷം തികയുന്നതിന്റെ ഭാഗമായി ; വരയാടുകളുടെ കണക്കെടുപ്പിന് തയ്യാറെടുത്ത് ഇരവികുളം ദേശീയ ഉദ്യാനവും,വനംവകുപ്പും

മൂന്നാർ: ഇരവികുളം ദേശീയ ഉദ്യാനം നിർമ്മിതമായിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വരയാടുകളുടെ കണക്കെടുപ്പിന് തയ്യാറെടുത്ത് വനംവകുപ്പ്.ഇന്നുമുതൽ വരുന്ന ഇരുപത്തിയേഴാം തീയതി വരെയാണ് കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള സംരക്ഷിത വനമേഖലകൾക്ക് ഉള്ളിൽ വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും ഒരേസമയം കണക്കെടുപ്പ് നടത്തുന്നതിനാണ് കേരളവും തമിഴ്നാടും തീരുമാനിച്ചിരിക്കുന്നത്.കേരളത്തിലെ 29 സെൻസസ് ബ്ലോക്കുകളിലും തമിഴ്നാട്ടിലെ 176 സെൻസസ് ബ്ലോക്കുകളിലും തുടർച്ചയായി നാലുദിവസം കണക്കെടുപ്പ് നടത്തും. കണക്കെടുപ്പിനായി ക്യാമറ ട്രാപ്പുകളും ഉപയോഗിക്കും.

പരിചയ സമ്ബന്നരായ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി കണക്കെടുപ്പിൽ പ്രാവീണ്യമുള്ള വോളണ്ടിയർമാരും ഉൾപ്പെടെ 1300 ഓളം പേരെയാണ് സെൻസസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെൻസസ് ടീം അംഗങ്ങൾ അതാത് ബ്ലോക്കുകളിൽ ക്യാമ്ബ് ചെയ്ത് കണക്കെടുപ്പ് പൂർത്തീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

അറേബ്യയിലും ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ആയി ലോകത്തിൽ തന്നെ ചുരുക്കം മേഖലകളിൽ മാത്രം കാണപ്പെടുന്ന നീലഗിരി താർ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂർണമായ ആവാസ വ്യവസ്ഥ നിലനിൽക്കുന്നത് മൂന്നാറിലെ ഇരവികുളം ദേശീയ ഉദ്യാനത്തിൽ ആണ്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കൃത്യമായ കണക്കെടുപ്പ് നടത്തി സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികളിലേക്ക് സംസ്ഥാന വനം വകുപ്പ് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *