Banner Ads

റാ​ഗിങ്​ നി​രോ​ധ​ന നി​യ​മം: ‘കരട് ബിൽ എത്രയുംവേഗം അന്തിമമാക്കണം’; ഹൈക്കോടതി കർശന നിർദേശം

കൊച്ചി: നിർദിഷ്ട റാഗിങ് നിരോധന (ഭേദഗതി) ബില്ലിന്റെ കരട് നടപടികൾ എത്രയുംവേഗം അന്തിമമാക്കണമെന്ന് ഹൈക്കോടതി. ബിൽ നിയമവകുപ്പിൽ തുടരുന്ന സാഹചര്യത്തിലാണ്, നടപടികൾ വൈകരുതെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വീണ്ടും നിർദേശം നൽകിയത്.ഒക്ടോബർ 30-ന് നിയമസഭയിൽ വെക്കും മുമ്പുള്ള നടപടിക്രമങ്ങൾ നാലാഴ്ചക്കകം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും ബിൽ നിയമവകുപ്പിൻ്റെ പരിഗണനയിൽ തുടരുകയാണ്.ശിക്ഷാ നടപടികളിൽ വ്യക്തത വരുത്തുന്നതിനാണ് ബിൽ നിയമവകുപ്പിൽ തുടരുന്നതെന്നും, ഉടൻ തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു.

വിഷയം ഈ മാസം 17-ന് വീണ്ടും പരിഗണിക്കും.അന്ന് ബിൽ അന്തിമമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ, വകുപ്പ് സെക്രട്ടറി ഓൺലൈനായി ഹാജരായി കോടതിക്ക് വിശദീകരണം നൽകണമെന്നും ബെഞ്ച് കർശനമായി നിർദേശിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റിയാണ് (KELSA) ഹൈക്കോടതിയെ സമീപിച്ചത്.