
പാലക്കാട് : ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച മൂന്നാമതൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാല്‍സംഗവും ചുമത്തിയിട്ടുണ്ട്.
സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. പ്രത്യേക സംഘമാണ് ഇ-മെയില്‍ പരാതിയില്‍ കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥർ ആദ്യം റിസപ്ഷനിലുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് മുറിയിലെത്തിയ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് മുറിയിൽ ഇല്ലാത്ത സമയത്താണ് പോലീസ് എത്തിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎല്‍എയുടെ പിഎ പറയുന്നത്. എന്നാല്‍ എംഎല്‍എയെ ആലത്തൂർ സറ്റേഷനില്‍ എത്തിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് രാഹുൽ കെപിഎം ഹോട്ടലിൽ മുറിയെടുത്തത്.