
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി കുളിക്കാനിറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിങ് പൂൾ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാർത്ഥി സിമ്മിംഗ് പൂളിൽ കുളിച്ചത്. പിന്നാലെ വിദ്യാർത്ഥിക്ക് കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. രോഗം ശക്തമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.