
കോഴിക്കോട്:അപൂർവവും അപകടകാരിയുമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ രതീഷ് (24) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഈയിടെയായി സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് കുട്ടിക്കും രോഗം കണ്ടെത്തിയത്.
രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മലിനജലത്തിലൂടെയും മറ്റും രോഗം പടരാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.