Banner Ads

വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയo ; മലയാളിയുടെ സ്വന്തം ലാലേട്ടന്, ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ

മലയാളിയുടെ സ്വന്തം ലാലേട്ടന്, ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ,മലയാളികളുടെ തീരാത്ത ആഘോഷത്തിൻ്റെ പേരാണ് മോഹൻലാൽ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ.

ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കുംമഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ ആയും പിന്നീട് സാഗറായും ജയകൃഷ്ണനായും സേതുമാധവനായും ആട് തോമയായും നീലകണ്ഠനായും കാർത്തികേയനായും ജോർജ്കുട്ടിയായും സ്റ്റീഫനായും ബെൻസായും അങ്ങനെ അങ്ങനെ സിനിമാ ലോകത്ത് തുടരുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി പിന്നീട് ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം തുടങ്ങി നടന വൈഭവത്തിന്റെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ലാലേട്ടൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ദേശീയ പുരസ്‌കാരങ്ങൾ, സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ.സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തന്റെ യാത്ര തുടരുകയാണ്. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂർവമായ നേട്ടവുമായാണ് ഇത്തവണ ലാലേട്ടൻ പിറന്നാൾ ആഘോഷിക്കുന്നത്.

സമ്മിശ്ര പ്രതികരണവുമായി എത്തിയ എംപുരാൻ ബോക്സോഫീസിൽ വിസ്മയമായപ്പോൾ, മികച്ച പ്രതികരണവുമായി വന്ന തരുൺ മൂർത്തി ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കി.തുടരും ഉണ്ടാക്കിയ അലയൊലി തിയറ്ററുകളിൽ ഇനിയും അടങ്ങിയിട്ടില്ല.