
കുട്ടനാട് : പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ കുട്ടനാടൻ പാടശേഖരങ്ങൾക്ക് പുതിയ ഭംഗി നൽകുന്നു. പുഞ്ചകൃഷിക്ക് ശേഷം വെള്ളം നിറഞ്ഞ പാടങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ കാണാൻ ദൂരെ നിന്നും ആളുകളെത്തുന്നുണ്ട്. നീലംപേരൂർ പഞ്ചായത്തിലെ 600 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വാലടി പാടശേഖരത്തിലാണ് കൂടുതലായി ആമ്പൽ പൂക്കൾ വിരിഞ്ഞിരിക്കുന്നത്.
കോഴിച്ചാൽ തെക്ക് പാടശേഖരത്തിലും ചുവന്ന ആമ്പൽ പൂക്കൾ കാണാം. ‘കുട്ടനാട് അല്ലിയാമ്പൽ കടവ് പോലെ’ എന്ന തരത്തിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദിവസവും നിരവധി ആളുകളാണ് ആമ്പൽക്കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും എത്തുന്നത്. രാവിലെ 6 മുതല്‍ 9 വരെയാണ് തിരക്ക് കൂടുതല്‍. സൂര്യപ്രകാശം വരുമ്പോൾ ആമ്പൽപ്പൂക്കൾ കൂമ്പിപ്പോകുന്നതാണ് ഇതിന് കാരണം.
പുഞ്ചകൃഷിക്കായി പാടങ്ങളിൽ പമ്പിങ് ആരംഭിക്കുന്നതോടെ ഈ കാഴ്ച ഇല്ലാതാകും. കുട്ടനാട്ടിൽ തരിശിട്ട പാടശേഖരങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആമ്പൽ വളർത്തിയാൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇത് പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന പദ്ധതിയാക്കി മാറ്റാനുമാകും.