തിരുവനന്തപുരം : മലയാള ചലച്ചിത്ര, ടെലി സീരിയൽ അഭിനേതാവ് ടി പി മാധവൻ അന്തരിച്ചു. 1975-ൽ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മാധവൻ. അന്ത്യം കൊല്ലത്തെ N S ആശുപത്രിയിൽ ആയിരുന്നു. 88 വയസായിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.
സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് ടി.പി. മാധവൻ്റെ ശ്രദ്ധേയമായ സിനിമകൾ. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സിനിമാഭിനയരംഗത്ത് നിന്ന് വിരമിച്ചു. 2016 മുതൽ 2024 വരെ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.
അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ-സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. പത്ര പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കൗമുദിയുടെ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. പിന്നീട് പത്ര പ്രവർത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയിൽ ജോലി ചെയ്തു.
ആദ്യം വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അതിനുശേഷം കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. മലയാളത്തിൽ ഇതുവരെ 600-ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ നിമിത്തം 2016-ൽ സിനിമാഭിനയത്തിൽ നിന്ന് വിരമിച്ചു.