Banner Ads

അപകടം വർക്ക്‌ഷോപ്പിൽ: കോളേജ് ബസ് റിപ്പയറിംഗിനിടെ ഗിയർബോക്‌സ് പൊട്ടിത്തെറിച്ച് മെക്കാനിക്ക് കൊല്ലപ്പെട്ടു

ചങ്ങനാശേരി: കോളേജ് ബസിന്റെ ടർബൈൻ റിപ്പയർ ചെയ്യുന്നതിനിടെ ഗിയർബോക്‌സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. വെളിയനാട് കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. കോളേജ് ബസിന്റെ ടർബൈൻ തകരാറിലായതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി കുഞ്ഞുമോൻ കോളേജിൽ എത്തിയിരുന്നു.

പണി നടക്കുന്നതിനിടെ ഗിയർബോക്‌സ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.ശക്തമായ സ്ഫോടനത്തിൽ കുഞ്ഞുമോനും ടോർച്ച് പിടിച്ച് സഹായത്തിന് നിന്ന ഓട്ടോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോനെ രക്ഷിക്കാനായില്ല.

സംഭവസമയം ബസിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ, പേരിശ്ശേരി സ്വദേശി സജീന്ദ്രൻ, ശബ്ദം കേട്ട ഉടൻ പുറത്തേക്ക് ചാടിയതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ബസിൽ നിന്ന് തെറിച്ച ലോഹക്കഷണം സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൻ്റെ സൈഡ് ഗ്ലാസും മേൽഭാഗവും തകർത്തു.