Banner Ads

എഡിഎം നവീൻ ബാബു വിടവാങ്ങിയിട്ട് ഒരാണ്ട്; ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ.

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ വിവാദ പരാമർശങ്ങളെ തുടർന്നുണ്ടായ അപമാനമാണ് നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തൽ.

ചെങ്ങളായിയിലെ പെട്രോൾ പമ്പിൻ്റെ എൻഒസിയുമായി ബന്ധപ്പെട്ട്, റവന്യൂ സ്റ്റാഫ് കൗൺസിലിൻ്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയാണ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ സാക്ഷിയായിരുന്ന ഈ സംഭവത്തിന് പിന്നാലെ, സ്വദേശത്തേക്ക് മടങ്ങാനിരുന്ന നവീൻ ബാബുവിനെ അടുത്ത ദിവസം ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ സംഭവം സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിരോധമുണ്ടാക്കി. തുടർന്ന് പി.പി. ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനമടക്കം നഷ്ടമായിരുന്നു. നിലവിൽ ഈ കേസിൽ പി.പി. ദിവ്യ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതിയാണ്. നവീൻ ബാബുവിന്റെ കുടുംബം നീതി തേടി നിയമപോരാട്ടം തുടരുകയാണ്.