
കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ട് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ച് നാട്ടുകാർ ആശങ്കയിൽ. വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുലിയാണ് നായയെ ആക്രമിച്ച് കൊന്നതെന്നാണ് സംശയിക്കുന്നത്.
പെരിയ കേന്ദ്ര സർവകലാശാലയുടെ അതിർത്തിയായ തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ കുരിക്കൾ വീട്ടിൽ ഗൗരിയമ്മയുടെ വീട്ടിലെ നായയെയാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചുകൊന്നത്. ഈ പ്രദേശത്ത് നേരത്തെയും പുലിയെ കണ്ടിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.
ആഴ്ചകൾക്ക് മുൻപ് പെരിയ പൂക്കളം, കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ പുലിയെ കണ്ടവരുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും പുലി ജനവാസ മേഖലയിലിറങ്ങിയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.