Banner Ads

നഷ്ടങ്ങളുടെ താരകം; ശ്രീവിദ്യയുടെ ചിരി മാഞ്ഞിട്ട് 19 വർഷങ്ങൾ

മലയാള സിനിമയുടെ ‘ശ്രീ’യായി തിളങ്ങിയ മഹാനടിയാണ് ശ്രീവിദ്യ. തമിഴ്നാട്ടിൽ ജനിച്ചെങ്കിലും മലയാള മണ്ണിനേയും ഇവിടുത്തെ കലകളേയും സ്വന്തം മാതൃഭാഷയെക്കാൾ സ്നേഹിച്ച കലാകാരിയായിരുന്നു. ജീവിതത്തിലുടനീളം നഷ്ടങ്ങളും വേദനകളും കണ്ണീരും മാത്രം പിന്തുടർന്നിട്ടും ഒരിടത്തും തളരാതെ മുന്നോട്ട് പോയ പ്രതിഭ.

ശിവാജി ഗണേശനോടൊപ്പം ‘തിരുവരുൾ ശെൽവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലേക്കുള്ള കാൽവെപ്പ് ‘കുമാരസംഭവം’ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിലൂടെയായിരിന്നു. എന്നാൽ ‘ചട്ടമ്പി കവല’ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ നായികയായി സ്ഥാനം ഉറപ്പിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി 800-ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.

ഒരു നടിയെന്നതിലുപരി ഗായികയായും നർത്തകിയായും ശ്രീവിദ്യ വെള്ളിത്തിരയിൽ സകല ഐശ്വര്യങ്ങളോടുംകൂടി ജീവിച്ചു. സിനിമയെ അവർ ഒരു മരുന്നായി കണ്ടു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം രണ്ട് തവണയും ഈ അതുല്യ കലാകാരിക്ക് ലഭിച്ചിട്ടുണ്ട്.