തിരുവനന്തപുരം: ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാനിടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിയാണ് റിപ്പോർട്ട് നൽകിയത്. അമ്മയ്ക്കുനടത്തിയ അനോമലി സ്കാനിങ്ങിൽ കുഞ്ഞിന്റെ വൈകല്യങ്ങൾ കണ്ടെത്താനായിരുന്നില്ല. ചികിത്സയിൽ ഡോക്ടർമാർക്ക് പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കുനടത്തിയ ആദ്യ സ്കാനിങ്ങിൽ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി.
എന്നാൽ, ഗർഭിണിയായ യുവതിയെയും കുടുംബത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതേസമയം നട്ടെല്ല്, കൈകാലുകൾ തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ സ്കാനിങ്ങിൽ നിർണയിക്കാനാകും. ഫ്ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങൾക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് വേണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്യുന്നുണ്ട്. സ്‌കാനിങ് സെന്ററിൽ രോഗികളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നും വൈകല്യം ദൃശ്യമാവുന്നവരിൽ കൂടുതൽ സമയമെടുത്ത് പരിശോധിച്ചിട്ടില്ലെന്നും നേരത്തേ കണ്ടെത്തിയിരുന്നു