Banner Ads

വേഗയാത്രയുടെ പുത്തൻ അധ്യായം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദില്ലി : കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ പുതിയ സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലാണ് ഓടുക. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്.

വാരാണസിയിൽ നിന്നുള്ള മറ്റ് നാല് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ, ഫിറോസ്പൂർ-ദില്ലി റൂട്ടുകളിലെ ട്രെയിനുകളാണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്. പുതിയ വന്ദേഭാരത് ട്രെയിൻ 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ ദൂരം പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും.

ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. ആകെ 11 പ്രധാന സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍.