
കൊച്ചി: കൊച്ചി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മഹാരാജാസ് കോളേജിന് സമീപം കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കോമ്പൗണ്ടിലെ ഒരു മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്.രക്ഷാദൗത്യം ശ്രമകരംരാവിലെ ഒമ്പത് മണിയോടെ വഴിയാത്രികരാണ് മരത്തിന് മുകളിൽ വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ ആദ്യമായി കണ്ടത്.
വിവരമറിഞ്ഞ് വനംവകുപ്പും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി.എന്നാൽ, പാമ്പിനെ മരത്തിൽ നിന്ന് താഴെയിറക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.കെ ബിജു അറിയിച്ചു. പാമ്പ് സ്വയം താഴെയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.ഇതിനെത്തുടർന്ന്, വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തി.
നിരവധി വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും കാൽനടയാത്രക്കാരുമുള്ള തിരക്കേറിയ നഗരമധ്യത്തിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.ജനവാസ മേഖലയും കോളേജ് പരിസരവുമായതിനാൽ, പാമ്പ് താഴേക്ക് ചാടിയാൽ അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളും കാഴ്ചക്കാരും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.