Banner Ads

രഥോത്സവത്തിലെ ഭക്തി നിർഭര കാഴ്ച; വിശ്വനാഥൻ്റെ തേരിനൊപ്പം 5 ദേവരഥങ്ങൾ സംഗമിച്ചു

പാലക്കാട് : ഭക്തിയുടെയും ആചാരങ്ങളുടെയും സംഗമഭൂമിയായി കൽപ്പാത്തി അഗ്രഹാരം. പ്രസിദ്ധമായ രഥോത്സവത്തിൻ്റെ ഭാഗമായി നടന്ന ദേവരഥ സംഗമം കാണാനായി ആയിരക്കണക്കിന് ഭക്തരാണ് കൽപ്പാത്തിയിലെത്തിയത്.

തൃസന്ധ്യാ നേരത്താണ് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയിൽ അഞ്ച് ദേവരഥങ്ങളുടെ സംഗമം നടന്നത്. പ്രധാന രഥമായ വിശ്വനാഥൻ്റെ തേരിനൊപ്പം മുരുകൻ, ഗണപതി, പഴകൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നിവയുടെ രഥങ്ങളും സംഗമിച്ചു.

വേദമന്ത്രജപത്താൽ മുഖരിതമായിരുന്ന അഗ്രഹാര വീഥികൾ ആയിരങ്ങളെക്കൊണ്ട് നിറഞ്ഞു. ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ തൊട്ടുവണങ്ങാനും പുണ്യം തേടി തേര് വലിക്കാനും വൻ ജനാവലിയാണ് പങ്കെടുത്തത്. കൽപ്പാത്തിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തരെത്തി.