Banner Ads

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക നിമിഷം: സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി.

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര മന്ത്രിമാർ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സെപ്തംബർ 9-ന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. 752 വോട്ടുകൾ പോൾ ചെയ്തതിൽ 452 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. ഇതോടെ ജാർഖണ്ഡ്, മഹാരാഷ്ട്ര ഗവർണർ പദവികളിൽ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു.

തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള രാധാകൃഷ്ണൻ, മുൻപ് കോയമ്പത്തൂർ ലോക്സഭാംഗമായും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്. രാധാകൃഷ്ണൻ, ആർ. വെങ്കിട്ടരാമൻ എന്നിവർക്ക് ശേഷം ഉപരാഷ്ട്രപതിയാകുന്ന മൂന്നാമത്തെ തമിഴ്നാട്ടുകാരനാണ് സി.പി. രാധാകൃഷ്ണൻ.